അനിർവചനീയം ഈ കാവ്യധാര

 



പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതൽ. സ്നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽത്തന്നെ അവരുണ്ടായിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങൾ. വനനശീകരണത്തിനെതിരെ ശബ്ദമയുർത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികൾക്ക് അമ്മയുമായി. അവർക്കായി സ്ഥാപിച്ച ‘അഭയ’ ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമാണ്.


സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫ. വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി  വൈസ്‌പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. 


സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങൾ നേടി. 2006 ൽ പത്മശ്രീയും 2009 ൽ എഴുത്തച്ഛൻ പുരസ്കാരവും 2013 ൽ സരസ്വതി സമ്മാനും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, വള്ളത്തോൾ അവാർഡ്, ബാലാമണിയമ്മ അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ്, ആശാൻ പ്രൈസ്, പി.കേശവദേവ് പുരസ്കാരം, കെ.ആർ. ചുമ്മാർ അവാർഡ്, ഒഎൻവി സാഹിത്യ പുരസ്കാരം, ജ്ഞാനപ്പാന പുരസ്കാരം, ജവഹർലാൽ നെഹ്റു പുരസ്കാരം, ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ്, പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം,പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം, ലൈബ്രറി കൗൺസിൽ പുരസ്കാരം, തോപ്പിൽഭാസി പുരസ്കാരം, സ്‌ത്രീശക്‌തി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ‘വൃക്ഷമിത്ര’ അവാർഡ് സുഗതകുമാരിക്കായിരുന്നു.

മനുഷ്യ മനസിന്റെ ആര്‍ദ്രതലങ്ങളെ സ്പര്‍ശിക്കുന്ന സുഗതകുമാരി ടീച്ചറിന്റെ കവിതകള്‍ക്ക് ഒരിക്കലും മരണമില്ല. ടീച്ചറിന്റെ സ്‌നേഹപൂര്‍ണമായ വാക്കുകള്‍ എന്നും നിലനില്‍ക്കും. പ്രിയപ്പെട്ട കേരളത്തിന്റെ സുഗതകുമാരി ടീച്ചര്‍ക്ക് കണ്ണീരോടെയല്ലാതെ വിടനല്‍കുവാന്‍ കേരളീയ സമൂഹത്തിന് കഴിയില്ല. അവരുടെ നിര്യാണം കടുത്ത വേര്‍പാടിന്റെ വേദനയുളവാക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ടീച്ചറിന് എല്ലാ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

                                                                                                            -ബഹിജ തമ്മന്ന(S3 ECE-A)


ആരംഭത്തിൽ സ്വന്തം  മുഖം വെളിപ്പെടുത്താതെ ശ്രീകുമാർ  എന്ന പേരിൽ എഴുതിത്തുടങ്ങിയ യാത്ര ഇവിടെ അവസാനിക്കുമ്പോൾ.......

ഇന്ന്  ടീച്ചർക്ക്  കവിത്വത്തിന്റെ  മുഖമാണ്.....

പോരാട്ടത്തിന്റെ  മുഖമാണ്....

കാരുണ്യത്തിന്റെ   മുഖമാണ്......... 


കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്‌കാരിക രംഗത്തിനും പൊതുസാമൂഹികരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലമുണ്ടായിട്ടുള്ളത്.

                                                                                                              - ശ്രീലക്ഷ്മി കെ(S3 ECE-B)                                                                                                     

Comments

Popular posts from this blog

The Da Vinci Code

Results of Quiz 3

Results of Quiz 1